നഷ്ട രതി.
കൈയ്യെത്തിപ്പിടിച്ച്
നിന്നെത്തൊട്ടിട്ടും
നിന്നെയറിയാത്ത വണ്ണം
നീയെന്നെയറിയാത്ത വണ്ണം
ഒരവസ്ഥാന്തരമുണ്ടോ
ഈ നാൽപത്തിയഞ്ചിന് !
നാൽപത്തിയഞ്ചിന്റെ
അപ്രാപ്യതയിൽ
ചൂളിച്ചുരുങ്ങുമോ
കാത്തുവച്ചതൊക്കെയെന്നൊരു
ആധിയുടെ അരികു ചേർന്ന്,
പഞ്ചിന്ദ്രിയങ്ങളിലും
നിറയുന്നുവെങ്കിലും
ആനന്ദമൂർഛയുടെ
അരികിൽ വച്ചോടി
മറയുന്നു നീയിന്നെന്നിൽ!
പ്രാർത്ഥനയുടെ പരകോടിയിൽ
ഞാൻ നിന്നെയറിയുന്നു.
ലോകത്തിന്റെ നോവേറ്റി
നിന്റെ ആയുധത്തിന്റെ
മൂർച്ചയേറ്റുമ്പോഴും
ബോധത്തിന്റെ തീക്ഷ്ണതീരങ്ങളിൽ
നിന്നെത്തിരയുമ്പോഴും
എന്നെപ്പിരിഞ്ഞുകൂടാത്ത
നിന്റെ തീയുടലിലെന്നെ
പുണർന്നു തന്നെ വേണമെന്ന
എന്റെയീ രാത്രി മൊഴിയിൽ
ഞാൻ വീണ്ടും വിണ്ടുമെന്നെ
തളച്ചിടുന്നു നിന്നിൽ
നഷ്ടപ്പെട്ടു പോയേക്കാവുന്ന
കൂട്ടിന്റെ മോഹമെന്ന
സംശയമേ ഇനിയില്ലയെന്നിൽ.
ഒരേയൊരു മോഹവിഭ്രമത്തിന്റെ
പാൽക്കടൽത്തീരത്ത്
അമൃതേത്തിന്റെ
അമ്ലരുചിയിൽ
എന്റെ എന്നത്തേയും
ജ്ഞാനസ്നാനമെന്ന്
ഞാനിതാ സാക്ഷ്യപ്പെടു(ത്തു)ന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ